Wednesday, 22 June 2011

വായന

ചിഹ്നങ്ങള്‍, അടയാളങ്ങള്‍ എന്നിവയെ അര്‍ഥവത്തായ കാര്യങ്ങളായി പരിവര്‍ത്തിച്ചു എടുക്കുന്നതിനോ അര്‍ഥമുള്ളവയായി നിർമ്മിക്കുന്നതിനോ വേണ്ടിയുള്ള ഒരു സങ്കീര്‍ണ്ണമാനസിക പ്രക്രിയയാണ് വായന. ഭാഷാജ്ഞാനം കൈവരിക്കുന്നതിനും, ആശയ-വിവര വിനിമയത്തിനുമുള്ള ഒരു ഉപാധിയാണ് വായന. നിരന്തരമുള്ള പരിശീലനവും,ശുദ്ധീകരണവും മെച്ചപ്പെടുത്തലും ആവശ്യമുള്ളതാണ് വായനാപ്രക്രിയ. ആശയം ഗ്രഹിക്കുന്നതിനും അര്‍ഥം മനസ്സിലാക്കുന്നതിനും വിവിധതരത്തിലുള്ള വായനാതന്ത്രങ്ങള്‍ വായനക്കാര്‍ ഉപയോഗിക്കുന്നു.
ഇന്ന് വായന കൂടുതലായും നടക്കുന്നത് പുസ്തകം, മാസികകള്‍, വര്‍ത്തമാനപ്പത്രങ്ങള്‍, നോട്ടു ബുക്ക് തുടങ്ങിയഅച്ചടി മാദ്ധ്യമങ്ങളിലൂടെയോ, ടെലിവിഷന്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ഇ ബുക്ക് തുടങ്ങിയവയിലൂടെയോ ആണ്. പെന്‍സിലോ, പെന്നോ ഉപയോഗിച്ചെഴുതിയ കൈയക്ഷര പ്രതികളിലൂടെയും വായന സംഭവിക്കുന്നുണ്ട്.

ഏറ്റവും ചെലവു കുറഞ്ഞതും എന്നെന്നും ഫലം ലഭിക്കുന്നതുമായ വിജ്ഞാന വിനോദോപാധിയാണ് വായന. "വായിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും. വായിച്ചാല്‍ വിളയും വായിചില്ലെങ്കില്‍ വളയും" എന്ന കുഞ്ഞുണ്ണിമാഷിന്റെ കവിത പ്രസിദ്ധമാണ്



കുഞ്ഞുണ്ണിമാഷിന്റെ കവിതകള്‍
  • കുഞ്ഞുണ്ണിക്കൊരു മോഹം
    എന്നും കുഞ്ഞായിട്ടു രമിക്കാന്‍
    കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു
    കവിയായിട്ടു മരിക്കാന്‍.
  • സത്യമേ ചൊല്ലാവൂ
    ധര്‍മ്മമേ ചെയ്യാവൂ
    നല്ലതേ നല്‍കാവൂ
    വേണ്ടതേ വാങ്ങാവൂ
  • ഒരു വളപ്പൊട്ടുണ്ടെന്‍ കയ്യില്‍
    ഒരു മയില്‍പ്പിലിയുണ്ടെന്നുള്ളില്‍
    വിരസ നിമിഷങ്ങള്‍ സരസമാക്കുവാ
    നിവ ധാരാളമാണെനിക്കെന്നും.
  • ജീവിതം നല്ലതാണല്ലോ
    മരണം ചീത്തയാകയാല്‍
  • ഉടുത്ത മുണ്ടഴിച്ചിട്ടു
    പുതച്ചങ്ങു കിടക്കുകില്‍
    മരിച്ചങ്ങു കിടക്കുമ്പോ
    ഴുള്ളതാം സുഖമുണ്ടിടാം.
  • ഞാനെന്റെ മീശ ചുമന്നതിന്റെ
    കൂലിചോദിക്കാന്‍
    ഞാനെന്നോടു ചെന്നപ്പോള്‍
    ഞാനെന്നെ തല്ലുവാന്‍ വന്നു.
  • പൂച്ച നല്ല പൂച്ച
    വൃത്തിയുള്ള പൂച്ച
    പാലു വച്ച പാത്രം
    വൃത്തിയാക്കി വച്ചു.
  • എത്രമേലകലാം
    ഇനിയടുക്കാനിടമില്ലെന്നതുവരെ
    എത്രമേലടുക്കാം
    ഇനിയകലാനിടമില്ലെന്നതുവരെ.
  • എനിക്കുണ്ടൊരു ലോകം
    നിനക്കുണ്ടൊരു ലോകം
    നമുക്കില്ലൊരു ലോകം.
  • മഴ മേലോട്ട് പെയ്താലേ
    വിണ്ണു മണ്ണുള്ളതായ് വരു
    മണ്ണുള്ള ദിക്കിലുള്ളോര്‍ക്കേ
    കണ്ണു കീഴോട്ടു കണ്ടിടൂ
  • കാലമില്ലാതാകുന്നു
    ദേശമില്ലാതാകുന്നു
    കവിതേ നീയെത്തുമ്പോള്‍
    ഞാനുമില്ലാതാകുന്നു
  • പൊക്കമില്ലാത്തതാണെന്റെ പൊക്കം
  • മന്ത്രിയായാല്‍ മന്ദനാകും
    മഹാ മാര്‍ക്സിസ്റ്റുമീ
    മഹാ ഭാരതഭൂമിയില്‍
  • മഴയും വേണം കുടയും വേണം കുടിയും വേണം
    കുടിയിലൊരിത്തിരി തീയും വേണം
    കരളിലൊരിത്തിരി കനിവും വേണം
    കൈയിലൊരിത്തിരി കാശും വേണം
    ജീവിതം എന്നാല്‍ പരമാനന്ദം
  • ആശകൊണ്ടേ മൂസ തെങ്ങുമേ കേറി
    മടലടർന്നു വീണു
    മൂസ മലർന്നു വീണു
    മടലടുപ്പിലായി
    മൂസ കിടപ്പിലായി!
  • ശ്വാസം ഒന്ന് വിശ്വാസം പലത്
  • ശ്വാസമാവശ്യം ആശ്വാസമാവശ്യം വിശ്വാസമത്യാവശ്യം
  • കപടലോകത്തിലെന്നുടെ കാപട്യം
    സകലരും കാണ്മതാണെന്‍ പരാജയം
  • "ആറുമലയാളിക്കു നൂറുമലയാളം
    അരമലയാളിക്കുമൊരു മലയാളം
    ഒരുമലയാളിക്കും മലയാളമില്ല"

No comments:

Post a Comment